ദേശീയപാതയുടെ ടോള്‍പ്ലാസകളില്‍ വാഹനനിര 100 മീറ്റർ പരിധിക്കു പുറത്തേക്ക് നീണ്ടാലും ഇനിമുതല്‍ ടോള്‍ നല്‍കണമെന്ന് ദേശീയപാത അതോറിട്ടി.
ക്യൂ 100 മീറ്ററിലേറെ ആയാല്‍ ടോളില്ലാതെ വാഹനങ്ങള്‍ കടത്തിവിടണമെന്ന ഇളവാണ് ദേശീയപാത അതോറിട്ടി പിൻവലിച്ചത്.
രാജ്യത്ത് ഫാസ്ടാഗ് സംവിധാനം നടപ്പായതോടെയാണ് 10 സെക്കൻഡ് പോലും വാഹനങ്ങള്‍ കാത്തിരിക്കാൻ പാടില്ലെന്ന ഉദ്ദേശത്തോടെ 2021ല്‍ ഇളവ് കൊണ്ടുവന്നത്. ഈ നിർദേശം നടപ്പാക്കാൻ കേന്ദ്ര സർക്കാർ മുൻകൈ എടുക്കണമെന്ന് ഹൈക്കോടതി ഉള്‍പ്പെടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ജിപിഎസ് അധിഷ്ഠിത ടോള്‍സംവിധാനം നടപ്പാക്കാൻ കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയം തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നാണ് സൂചന. കാത്തിരിപ്പ് സമയം അഞ്ചുമിനിറ്റോ അതില്‍ കൂടുതലോയുള്ള 100 ടോള്‍പ്ലാസകളിലെ ട്രാഫിക് നിരീക്ഷിക്കാൻ സിസിടിവി കാമറകള്‍ സ്ഥാപിച്ച് നിരീക്ഷിക്കും. ഇവിടങ്ങളില്‍ പകരം സംവിധാനം ഏർപ്പെടുത്തും.
വരും ജിപിഎസ് അധിഷ്ഠിത ടോള്‍
സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍ നല്‍കാൻ അവസരമൊരുക്കുന്ന സംവിധാനമാണ് ജിപിഎസ് അധിഷ്ഠിത ടോള്‍ ബൂത്തുകള്‍. വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ സഞ്ചരിച്ച ദൂരം കണക്കാക്കിയാണ് വാഹന ഉടമയുടെ ഫാസ്ടാഗ് അക്കൗണ്ടില്‍നിന്നും ടോളിനുള്ള പണം ഈടാക്കുക.
രാജ്യത്തെ എക്സ്പ്രസ്വേ ജിപിഎസ് അധിഷ്ഠിത ഗ്ലോബല്‍ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്‌എസ്) പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയിട്ടുണ്ട്. നിർമിതബുദ്ധി കാമറകള്‍ (എഎൻപിആർ) ഉപയോഗിച്ച് വാഹനത്തിന്റെ നമ്ബർപ്ലേറ്റ് സ്കാൻ ചെയ്യാനും സാധിക്കും. ദേശീയപാതകളിലെ ടോള്‍ഗേറ്റുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം.
Comments
Post a Comment