ജാമ്യാപേക്ഷ തള്ളി; പി.സി. ജോര്‍ജ് ജയിലിലേക്ക്, മാര്‍ച്ച് 10 വരെ റിമാൻഡില്‍
മത വിദ്വേഷ പരാമർശത്തില്‍ ബി.ജെ.പി. നേതാവും പൂഞ്ഞാർ മുൻ എം.എല്‍.എയുമായ പി.സി. ജോർജിനെ റിമാൻഡുചെയ്തു.
ജാമ്യാപേക്ഷ തള്ളിയ കോടതി, മാർച്ച് 10 വരെയാണ് പിസിയെ റിമാൻഡുചെയ്തിരിക്കുന്നത്. നേരത്തേ, തിങ്കളാഴ്ച വൈകുന്നേരം ആറുമണിവരെ ജോർജിനെ ഈരാറ്റുപേട്ട കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
രണ്ടുദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നാലുമണിക്കൂർ മാത്രമേ കസ്റ്റഡി അനുവദിച്ചിട്ടുള്ളൂ. ആ സമയം കഴിഞ്ഞാല്‍ പി.സി.യെ വീണ്ടും മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കണമെന്നായിരുന്നു നിർദേശം. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലിന്റെയോ തെളിവെടുപ്പിന്റെയോ ആവശ്യമില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. കസ്റ്റഡി സമയം അവസാനിച്ചാല്‍ ജാമ്യാപേക്ഷ പരിഗണിക്കുമെന്നായിരുന്നു വിവരം. എന്നാല്‍ കോടതി അതിനുമുൻപേ അപേക്ഷ പരിഗണിക്കുകയായിരുന്നു.
ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ പി.സി. ജോർജ് തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഈരാറ്റുപേട്ട കോടതിയില്‍ ഹാജരായത്. ചാനല്‍ ചർച്ചയില്‍ മതവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചാണ് ഈരാറ്റുപേട്ട പോലീസ് പി.സി. ജോർജിനെതിരെ കേസ് രജിസ്റ്റർചെയ്തിരുന്നത്.
മുപ്പതുവർഷത്തോളം എം.എല്‍.എ. ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി.സി. ജോർജിന് രാഷ്ട്രീയക്കാരനായി തുടരാൻ അർഹതയില്ലെന്ന് പറഞ്ഞാണ് ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയത്. മതവിദ്വേഷപരാമർശം ആവർത്തിക്കരുതെന്ന കർശന ഉപാധിയോടെയാണ് സമാനസ്വഭാവമുള്ള മുൻകേസുകളില്‍ ജാമ്യം അനുവദിച്ചതെന്നും അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് മുൻകൂർജാമ്യം നിഷേധിച്ചതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പി.സി. ജോർജ് മുൻപ് നടത്തിയ പ്രകോപനപരമായ പരാമർശങ്ങളും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും ഹർജിക്കാരന് മുൻകൂർജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്നും കോടതി പറയുകയുണ്ടായി. സമുദായ സ്പർധയും വിദ്വേഷവും പടർത്തുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ പി.സി. ജോർജിനെ മുമ്ബും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
Comments
Post a Comment