കൈക്കൂലിക്കേസില്‍ അറസ്റ്റിലായ എറണാകുളം ആര്‍ടിഒയുടെ വീട്ടില്‍ മദ്യശേഖരവും; 50 ലക്ഷത്തില്‍ അധികം രൂപയുടെ നിക്ഷേപങ്ങളുടെ വിവരവും ലഭിച്ചതായി വിജിലന്‍സ്
കൊച്ചി കൈക്കൂലിയായി മദ്യവും പണവും വാങ്ങിയതിന് അറസ്റ്റിലായ എറണാകുളം ആര്‍ടിഒയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ അമ്ബതില്‍ അധികം മദ്യക്കുപ്പികള്‍ കണ്ടെത്തി.
ചെല്ലാനം-ഫോര്‍ട്ട്‌കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന്റെ മാനേജറായ ചെല്ലാനം സ്വദേശിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ആര്‍ടിഒ ജേഴ്‌സന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ നിന്നാണ് ഇവയെല്ലാം കിട്ടിയത്.
ബസിന്റെ റൂട്ട് പെര്‍മിറ്റിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നു മറ്റൊരു ബസിനു റൂട്ട് പെര്‍മിറ്റ് നല്‍കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചെങ്കിലും അനുമതി നല്‍കുന്നത് ആര്‍ടിഒയും സംഘവും വൈകിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഏജന്റായ രാമപടിയാര്‍ അപേക്ഷകനെ കണ്ടു മറ്റൊരു ഏജന്റായ സജിയുടെ പക്കല്‍ 5,000 രൂപ കൈക്കൂലി നല്‍കണമെന്നു ആര്‍ടിഒ നിര്‍ദേശിച്ചതായി അറിയിച്ചു. ഇതേതുടര്‍ന്ന് അപേക്ഷകന്‍ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് എറണാകുളം ആര്‍ടി ഓഫിസിനു മുന്നില്‍ വച്ച് 5,000 രൂപയും മദ്യക്കുപ്പിയും വാങ്ങുമ്ബോള്‍ സജിയേയും രാമപടിയാറേയും അറസ്റ്റ് ചെയ്തത്. ഇവരുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ ജേഴ്‌സനെയും അറസ്റ്റ് ചെയ്തു. പിന്നീട് ജെഴ്‌സന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികളുടെ വന്‍ശേഖരം കണ്ടെത്തിയത്. ജേഴ്‌സന്റെ ഓഫിസില്‍ നടത്തിയ പരിശോധനയില്‍ റബ്ബര്‍ ബാന്‍ഡിട്ട് ചുരുട്ടി വെച്ച നിലയില്‍ അറുപതിനായിരത്തോളം രൂപയും കിട്ടിയിട്ടുണ്ട്. 50 ലക്ഷത്തിനപ്പുറം പോകുന്ന നിക്ഷേപങ്ങളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് അറിയിച്ചു
Comments
Post a Comment