പട്ടയത്തിലെ തെറ്റ് തിരുത്താൻ ആവശ്യപ്പെട്ടത് ഏഴു ലക്ഷം കൈക്കൂലി; ആദ്യ ഗഡുവായി 50,000 വാങ്ങി, തിരുവാലി വില്ലേജ് അസിസ്റ്റന്‍റ് പിടിയില്‍


വണ്ടൂർ മലപ്പുറം തിരുവാലി വില്ലേജ് അസിസ്റ്റന്‍റ് തൃക്കലങ്ങോട് ആമയൂർ സ്വദേശി പന്തപ്പാടൻ നിഹ്മത്തുല്ല കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്‍റെ പിടിയില്‍.

പട്ടയത്തിലെ തെറ്റ് തിരുത്തുന്നതിന് ഏഴു ലക്ഷത്തോളം ആവശ്യപ്പെടുകയും ആദ്യ ഗഡുവായി 50,000 രൂപ വാങ്ങുകയും ചെയ്തതിനാണ് ഇയാളെ പിടികൂടിയത്.

മലപ്പുറം തവനൂർ കുഴിമണ്ണ സ്വദേശിയില്‍ നിന്നാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. പരാതിക്കാരന്‍റെ മുത്തച്ഛന്‍റെ പേരില്‍ തിരുവാലി വില്ലേജിലെ 74 സെന്‍റ് വസ്തുവിന്റെ പട്ടയത്തിലെ തെറ്റ് തിരുത്തിക്കിട്ടാനുണ്ടായിരുന്നു. ഇതിനായി പരാതിക്കാരന്‍റെ അമ്മയുടെ പേരില്‍ രണ്ടുവർഷം മുമ്ബ് തിരുവാലി വില്ലേജ് ഓഫിസില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ നടപടി സ്വീകരിച്ചുവരുന്നതിനിടെ അന്നത്തെ വില്ലേജ് ഓഫിസർ സ്ഥലംമാറിപ്പോയി.

ഫെബ്രുവരി ഏഴിന് പരാതിക്കാരൻ അപേക്ഷയെക്കുറിച്ച്‌ അന്വേഷിച്ച്‌ വില്ലേജ് ഓഫിസില്‍ ചെന്നപ്പോള്‍ അപേക്ഷ കാണാനില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് നിഹ്മത്തുല്ല അറിയിച്ചു. പുതിയ അപേക്ഷ വാങ്ങുകയും ചെയ്തു. തുടർന്ന് അപേക്ഷയില്‍ നടപടിക്ക് സാധ്യതയില്ലെന്നും മറ്റൊരു വഴിയുണ്ടെന്നും അതിന് സെന്റ് ഒന്നിന് 9864 രൂപ വെച്ച്‌ 7,29,936 രൂപ കൈക്കൂലി നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ ആദ്യ വിഹിതം 50,000 രൂപ മഞ്ചേരി കാരക്കുന്നിലെത്തി നല്‍കാനും ബാക്കി തുക നാലുമാസം കഴിഞ്ഞ് പട്ടയം കിട്ടുന്ന സമയത്ത് നല്‍കണമെന്നും പറഞ്ഞു.

പരാതിക്കാരൻ ഈ വിവരം മലപ്പുറം വിജിലൻസ് യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയും വിജിലൻസ് സംഘം ശനിയാഴ്ച രാവിലെ 11ഓടെ നിഹ്മത്തുല്ലയെ കാരക്കുന്നില്‍ വെച്ച്‌ പിടികൂടുകയുമായിരുന്നു. പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയില്‍ ഹാജരാക്കി.

അന്വേഷണത്തിന് വിജിലൻസ് ഡിവൈ.എസ്.പി എം. ഗംഗാധരൻ, ഇൻസ്പെക്ടർമാരായ ജ്യോതീന്ദ്രകുമാർ, റിയാസ് ചാക്കീരി, സന്ദീപ്, റഫീഖ്, എസ്.ഐമാരായ മോഹനകൃഷ്ണൻ, മധുസൂദനൻ, ശിഹാബ്, എ.എസ്.ഐ ഷറഫുദ്ദീൻ എന്നിവർ നേതൃത്വം നല്‍കി

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*