വീണ്ടും അൻവര്‍ ഇഫക്‌ട്: ചുങ്കത്തറയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി, യുഡിഎഫ് അവിശ്വാസം പാസായി


ചുങ്കത്തറ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി. യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയം വിജയിച്ചതോടെയാണ് എല്‍.ഡി.എഫ്.

ഭരണം വീണത്. ഇരുമുന്നണികള്‍ക്കും തുല്യശക്തിയായിരുന്ന ഭരണസമിതിയില്‍ വൈസ് പ്രസിഡന്റ് നുസൈബ സുധീർ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ഒമ്ബതിനെതിരെ 11 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. പി.വി. അൻവർ ഇടപെട്ടാണ് വൈസ് പ്രസിഡന്റായ നുസൈബ സുധീറിനെ കൂറുമാറ്റിയതെന്നാണ് സി.പി.എമ്മിന്റെ ആരോപണം. പോലീസ് സുരക്ഷയിലാണ് അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നത്.

അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിന് മുമ്ബായി ചുങ്കത്തറയില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ്. പ്രവർത്തകർ തമ്മില്‍ സംഘർഷമുണ്ടായിരുന്നു. ഇതേത്തുടർന്ന് പോലീസ് ലാത്തിവീശി. പി.വി. അൻവർ, കോണ്‍ഗ്രസ് നേതാക്കളായ ആര്യാടൻ ഷൗക്കത്ത്, വി.എസ്. ജോയ് എന്നിവർ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ സമയം സ്ഥലത്തുണ്ടായിരുന്നു.

അവിശ്വാസപ്രമേയം പടിവാതില്‍ക്കലെത്തി നില്‍ക്കെ വൈസ് പ്രസിഡന്റ് നുസൈബ സുധീറിനെ കാണാനില്ലെന്ന് കഴിഞ്ഞദിവസം സി.പി.എം. നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഭാര്യ തന്റെ ഒപ്പം ഉണ്ടെന്നും കാണാനില്ലെന്ന വാർത്ത ശരിയല്ലെന്നുമാണ് ഭർത്താവും തൃണമൂല്‍ കോണ്‍ഗ്രസ് നിലമ്ബൂർ നിയോജകമണ്ഡലം ചെയർമാനുമായ സുധീർ പുന്നപ്പാല പറഞ്ഞത്. അൻവറിന്റെ വിശ്വസ്തനാണ് സുധീർ.

അവിശ്വാസത്തിന് നോട്ടീസ് നല്‍കിയതിനു തൊട്ടുപിന്നാലെ എല്‍.ഡി.എഫ്. എടക്കരയില്‍ വാർത്താസമ്മേളനത്തില്‍ നുസൈബ സുധീർ ഉള്‍പ്പെടെ 10 അംഗങ്ങളെയും പങ്കെടുപ്പിച്ച്‌ പ്രമേയം പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നുസൈബ സി.പി.എം. അംഗങ്ങളുടെ ഫോണ്‍കോളുകള്‍ എടുക്കാതായതോടെ എല്‍.ഡി.എഫ്. ഭരണസമിതിയുടെ നിലനില്‍പ്പ് ത്രിശങ്കുവിലായി. പി.വി. അൻവറാണ് നീക്കത്തിന് പിന്നിലെന്ന് എല്‍.ഡി.എഫ്. ആരോപിക്കുന്നുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. -തൃണമൂല്‍ ടിക്കറ്റില്‍ നുസൈബയ്ക്കോ സുധീറിനോ സീറ്റ് നല്‍കാൻ അൻവറും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ ധാരണയായതായാണ് സൂചന.

ചുങ്കത്തറയില്‍ ഭരണം നഷ്ടമായത് സി.പി.എമ്മിന് വലിയ തിരിച്ചടിയായപ്പോള്‍ യു.ഡി.എഫ്. പ്രവേശനത്തിന് കാത്തുനില്‍ക്കുന്ന അൻവറിന് അത് രാഷ്ട്രീയനേട്ടമായി മാറിയിരിക്കുകയാണ്. നേരത്തേ വയനാട് ജില്ലയിലെ പനമരം ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫിനെ അട്ടിമറിച്ച്‌ യു.ഡി.എഫ്. ഭരണം പിടിച്ചിരുന്നു. ജെ.ഡി.എസ്. വിമതനായി മത്സരിച്ച്‌ വിജയിച്ച ബെന്നി ചെറിയാൻ യു.ഡി.എഫിന് വോട്ട് ചെയ്തതോടെയാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടമായത്. ബെന്നിയെ ജെ.ഡി.എസ്. പുറത്താക്കിയിരുന്നെങ്കിലും അദ്ദേഹം ഇടതുമുന്നണിയെയാണ് പിന്തുണച്ചിരുന്നത്.

എന്നാല്‍ പി.വി. അൻവർ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ കണ്‍വീനറായതിന് പിന്നാലെ ബെന്നി തൃണമൂലില്‍ ചേരുകയായിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം യു.ഡി.എഫിനെ പിന്തുണച്ചത്.

മൂന്നാം അവിശ്വാസപ്രമേയം

2020-ല്‍ ഭരണസമിതി അധികാരത്തില്‍ വന്നശേഷം മൂന്നാംതവണയാണ് ചുങ്കത്തറ പഞ്ചായത്തില്‍ ഭരണകക്ഷിക്കെതിരേ അവിശ്വാസപ്രമേയം വരുന്നത്. ഇരുമുന്നണികള്‍ക്കും 10 വീതം അംഗങ്ങള്‍ ആയതോടെ നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ വത്സമ്മ സെബാസ്റ്റ്യൻ പ്രസിഡന്റായും മുസ്ലിം ലീഗിലെ സൈനബ മാമ്ബള്ളി വൈസ് പ്രസിഡന്റായും ഉള്ള യു.ഡി.എഫ്. ഭരണസമിതിയാണ് ആദ്യം അധികാരത്തിലേറിയത്.

എന്നാല്‍ അന്ന് ഇടതുപക്ഷത്തിനൊപ്പമായിരുന്ന പി.വി. അൻവറിന്റെ ചരടുവലികളെത്തുടർന്ന് അധികം വൈകാതെ എല്‍.ഡി.എഫ്. അവിശ്വാസം കൊണ്ടുവരുകയും മുസ്ലിം ലീഗ് സ്വതന്ത്ര എം.കെ. നജ്മുന്നിസയുടെ പിന്തുണയോടെ വത്സമ്മ സെബാസ്റ്റ്യൻ പ്രസിഡന്റ് സ്ഥാനത്തുനിന്നും സൈനബ മാമ്ബള്ളി വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്താകുകയും ചെയ്തു. ലീഗ് സ്വതന്ത്ര എം.കെ. നജ്മുന്നിസയെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയുംചെയ്തു.

എന്നാല്‍, ഒരു വർഷത്തിനു ശേഷം കൂറുമാറ്റ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലിംലീഗ് നല്‍കിയ പരാതി പരിഗണിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ നജ്മുന്നിസയെ അയോഗ്യയാക്കി ഉത്തരവിറക്കി. ഇതോടെ എല്‍.ഡി.എഫിന് പത്തും യു.ഡി.എഫിന് ഒമ്ബതും അംഗങ്ങളായി. സി.പി.എമ്മിലെ ടി.പി. റീന പുതിയ പ്രസിഡന്റായി ചുമതലയേറ്റു. അംഗത്തെ അയോഗ്യയാക്കിയതിനെത്തുടർന്ന് കളക്കുന്ന് വാർഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിലെ കെ.പി. മൈമൂന വിജയിച്ചെങ്കിലും അംഗബലം തുല്യമായതിനാല്‍ ടി.പി. റീനയുടെ പ്രസിഡന്റ് പദവിക്ക് ഇളക്കംതട്ടിയില്ല.

പി.വി. അൻവർ ഇടതുമുന്നണിയുമായി അകന്നതിനുശേഷമാണ് പുതിയ അവിശ്വാസ പ്രമേയം വരുന്നത്. ഫെബ്രുവരി 11-നാണ് ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ യു.ഡി.എഫ്. അംഗങ്ങള്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മിലെ ടി.പി. റീനക്കെതിരേയാണ് യു.ഡി.എഫിലെ 10 അംഗങ്ങള്‍ ഒപ്പിട്ട നോട്ടീസ് നിലമ്ബൂർ ബി.ഡി.ഒയ്ക്ക് നല്‍കിയത്.

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*