ചുങ്കത്തറയില്‍ എല്‍ഡിഎഫിന് ഭരണംപോകുമോ..സംഘര്‍ഷം; ഇത് ചെറിയ സമ്മാനമെന്ന് അൻവര്‍,'വലുത് വേറെയുണ്ട്'
മലപ്പുറം ജില്ലയിലെ നിലമ്ബൂർ ചുങ്കത്തറ ഗ്രാമപഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്ബായി സംഘർഷം.
എല്‍.ഡി.എഫ്-യു.ഡിഎഫ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. ഇതേത്തുടർന്ന് പോലീസ് ലാത്തിവീശി.
എല്‍.ഡി.എഫ്. പ്രവർത്തകർ പ്രകടനവുമായി എത്തുകയായിരുന്നു. യു.ഡി.എഫ്. പ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു. തുടർന്നാണ് സംഘർഷമുണ്ടായത്. ഇതിനിടെയാണ് മുൻ എം.എല്‍.എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി. അൻവർ, കോണ്‍ഗ്രസ് നേതാക്കളായ ആര്യാടൻ ഷൗക്കത്ത്, വി.എസ്. ജോയ് എന്നിവർ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തിയത്. ഇവരെ തടയാൻ എല്‍.ഡി.എഫ്. പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷം രൂക്ഷമായത്.
എല്‍.ഡി.എഫ്. ഭരിക്കുന്ന ചുങ്കത്തറയില്‍ യു.ഡി.എഫാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. 2020-ലെ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും പത്ത് വീതം അംഗങ്ങളാണ് ഭരണസമിതിയിലുണ്ടായിരുന്നത്. തുടർന്ന് നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ഭരണം ലഭിച്ചിരുന്നു. എന്നാല്‍ അന്ന് എല്‍.ഡി.എഫിനൊപ്പമായിരുന്ന അൻവർ ഇടപെട്ട് ഒരു യു.ഡി.എഫ്. അംഗത്തെ കൂറുമാറ്റി എല്‍.ഡി.എഫ്. ഭരണം പിടിക്കുകയായിരുന്നു.
ഈ അംഗത്തെ അയോഗ്യനാക്കിയെങ്കിലും എല്‍.ഡി.എഫ്. ഭരണം തുടരുകയായിരുന്നു. ഇതിനിടെയാണ് അവിശ്വാസ പ്രമേയവുമായി യു.ഡി.എഫ് എത്തുന്നത്. അൻവർ ഇടപെട്ട് ഒരു എല്‍.ഡി.എഫ്. അംഗത്ത കൂറുമാറ്റി എന്നാണ് ഇടതുമുന്നണിയുടെ ആരോപണം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലമ്ബൂർ മണ്ഡലം കമ്മിറ്റി കണ്‍വീനറുടെ ഭാര്യയും ചുങ്കത്തറ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റുമായ നുസൈബ കൂറുമാറും എന്ന് എല്‍.ഡി.എഫ്. ആരോപിക്കുന്നത്.
അൻവർ അധ്വാനിച്ച് ഉണ്ടാക്കി കൊടുത്ത കുറേ പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളുമുണ്ട്. അവിടെ ജയിച്ച മനുഷ്യർ പ്രതികരിക്കും. യു.ഡി.എഫ്. ശക്തമായൊരു തീരുമാനമെടുത്താല്‍ കേരളത്തിലെ 21 പഞ്ചായത്തുകളും മൂന്ന് മുൻസിപ്പാലിറ്റികളും പോകും. ഇത് യു.ഡി.എഫിനുള്ള ചെറിയ സമ്മാനമാണ്. വലിയ സമ്മാനം വേറെ വരാനുണ്ടാകും.' -അൻവർ പറഞ്ഞു.
പി.വി. അൻവറിനെ യു.ഡി.എഫ്. സംരക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. 'പി.വി. അൻവറിനെ വ്യക്തിപരമായി ക്രൂശിക്കാനും ആക്രമിക്കാനും ഡി.വൈ.എഫ്.ഐയും സി.പി.എമ്മും എല്‍.ഡി.എഫും ശ്രമിക്കുകയാണ്. അതിന് ഞങ്ങള്‍ അനുവദിക്കില്ല. അൻവറിന് വേണ്ട സംരക്ഷണം യു.ഡി.എഫ്. കൊടുക്കും.' -ഷൗക്കത്ത് വ്യക്തമാക്കി.
'ചുങ്കത്തറ മാത്രമല്ല, നിലമ്ബൂർ മണ്ഡലത്തിലെ പല പഞ്ചായത്തുകളും എല്‍.ഡി.എഫ്. അട്ടിമറിച്ചാണ് ഭരണം പിടിച്ചത്. ചുങ്കത്തറയിലെ യഥാർഥ ജനവിധി യു.ഡി.എഫിന് അനുകൂലമായിരുന്നു. ഇവിടെ യു.ഡി.എഫിന്റെ പഞ്ചായത്ത് പ്രസിഡന്റുണ്ടായിരുന്നു. ഇവിടെ ഭരണം അട്ടിമറിക്കപ്പെട്ടതാണ്. അതിന് തിരിച്ച് ഒരു അട്ടിമറി. അത്രയേ ഉള്ളൂ ഇത്.' -ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
Comments
Post a Comment