ഹെഡ്ഗേവാര്‍ വിവാദം: പാലക്കാട് നഗരസഭ കൗണ്‍സിലില്‍ സംഘര്‍ഷം
നഗരസഭാ ചെയർപേഴ്സണ്‍ പ്രമീള ശശിധരനെ പ്രതിപക്ഷാംഗങ്ങള്‍ കൈയേറ്റം ചെയ്തു. കൗണ്‍സിലർമാർ തമ്മില്‍ ഉന്തുംതള്ളും കൈയാങ്കളിയുമുണ്ടായി. സംഘർഷത്തില്‍ യു.ഡി.എഫ് കൗണ്‍സിലർ മൻസൂറിന് പരിക്കേറ്റു. യു.ഡി.എഫ് കൗണ്‍സിലർ അസനപ്പ, എല്‍.ഡി.എഫ് കൗണ്‍സിലർ സലീന എന്നിവർ കുഴഞ്ഞുവീണു. ബഹളത്തിനിടെ ചെയർപേഴ്സനെ ബി.ജെ.പി അംഗങ്ങള്‍ പുറത്തെത്തിച്ച് ഓഫീസ് മുറിയിലേക്ക് മാറ്റിയെങ്കിലും അവിടെയും പ്രതിഷേധം തുടർന്നു.
കൗണ്‍സില്‍ അജണ്ടയില്‍ നിന്ന് ഈ വിഷയം ഒഴിവാക്കണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ചെയർപേഴ്സണ്‍ വഴങ്ങാത്തതോടെയാണ് ബഹളം തുടങ്ങിയത്. അതിനിടെ അജണ്ടയെല്ലാം പാസായതായി ചെയർപേഴ്സണ്‍ അറിയിച്ചതോടെ കൈയാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങി. സംഘർഷം മണിക്കൂറുകള്‍ നീണ്ടുനിന്നു. ഉച്ചയോടെ കൗണ്‍സിലർമാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തുനീക്കി. അതിനിടെ പാലക്കാട് ജിന്ന സ്ട്രീറ്റിന്റെ പേര് മാറ്റണമെന്ന പ്ലക്കാർഡുകളുമായി ബി.ജെ.പി പ്രവർത്തകർ പുറത്ത് പ്രതിഷേധിച്ചു.
ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് ചെയർപേഴ്സണ്‍ വ്യക്തമാക്കി. ഹെഡ്‌ഗേവാറിന്റെ പേരിടാനുള്ള ചർച്ചയില്‍ നിന്ന് ബി.ജെ.പി ഒളിച്ചോടുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ആരോപിച്ചു. ഇതിനെതിരെ രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്നും പറഞ്ഞു.
Comments
Post a Comment