അട്ടപ്പാടിയില്‍ ആദിവാസിയുവാവിന് മര്‍ദനമേറ്റ സംഭവം: പ്രതികള്‍ പിടിയില്‍
ചിറ്റൂർ ഉന്നതിയിലെ ഷിജു(19)വിനാണ് കഴിഞ്ഞദിവസം ഇവരില്‍നിന്ന് മർദനമേറ്റത്. സംഭവം വാർത്തയായതിന് പിന്നാലെ ഇവർ ഒളിവില്‍ പോയിരുന്നു. തുടർന്ന് തമിഴ്നാട്ടില്‍നിന്നാണ് വിഷ്ണുവിനെയും റെജിലിനെയും പിടികൂടിയത്. പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്.
ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ പാല്‍ കൊണ്ടുപോകുന്ന വാഹനത്തിന് മുന്നിലേക്കു ചാടിയെന്നാരോപിച്ച് വാഹനത്തിന്റെ ഡ്രൈവറും ക്ലീനറുമാണ് മർദിച്ചതെന്നാണ് ഷിജു പറയുന്നത്. ഷിജുവിനെ കെട്ടിയിട്ട് മർദിച്ചവർതന്നെ ചിത്രം പകർത്തി സാമൂഹികമാധ്യമത്തില്‍ പോസ്റ്റ്ചെയ്തു. ഈ ചിത്രം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മർദനവിവരം പുറത്തറിഞ്ഞത്.
പ്രദേശവാസികളായ ആറുപേർ ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ ഷിജുവിനെ അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചിരുന്നു. ചികിത്സ തേടിയശേഷം ഇയാള്‍ വീട്ടിലേക്കുപോയി. ശരീരവേദനയും ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുമായതോടെ തിങ്കളാഴ്ച വീണ്ടും അഗളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. വിദഗ്ധചികിത്സയ്ക്കായി ഷിജുവിനെ കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മർദനമേറ്റതിന്റെ മുറിപ്പാടുകള്‍ കണ്ണിലും ശരീരത്തിലുമുണ്ട്.
അഗളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍നിന്ന് ശനിയാഴ്ചതന്നെ അഗളി പോലീസ് സ്റ്റേഷനിലേക്ക് വിവരമറിയിച്ചിരുന്നതായി സൂപ്രണ്ട് ഡോ. ഇ.പി. ഷെരീഫ പറഞ്ഞു. എന്നാല്‍, ചൊവ്വാഴ്ചവരെയും പോലീസ് കേസെടുത്തില്ല. മർദനവിവരം പുറത്തുവന്നതിനുശേഷം ചൊവ്വാഴ്ച വൈകീട്ടാണ് അഗളി പോലീസ് ആശുപത്രിയിലെത്തി ഷിജുവിന്റെ മൊഴി രേഖപ്പെടുത്തിയത്. രാത്രി ഏഴുമണിയോടെ പേരറിയാത്ത വാഹനത്തിലെ ഡ്രൈവർക്കും ക്ലീനർക്കുമെതിരേ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
അതേസമയം, ഷിജു അഞ്ചുവാഹനങ്ങള്‍ തകർത്തതായും കഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയിലായിരുന്നെന്നും പരാതി ലഭിച്ചിട്ടുണ്ടെന്ന് അഗളി എസ്‌ഐ ആർ. രാജേഷ് പറഞ്ഞു. വാഹനയുടമ ജോയിയുടെ മകൻ ജീൻസണ്‍ നല്‍കിയ പരാതിയില്‍ രണ്ടുദിവസംമുൻപ് ഷിജുവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴാണ് ഷിജു ആശുപത്രിയില്‍ ചികിത്സതേടിയതെന്നുമാണ് പോലീസ് പറയുന്നത്.
Comments
Post a Comment