കടുവ ഭീതിയുടെ രണ്ടാഴ്ച; വനപാലകര്‍ക്ക് തലവേദന; നാട്ടുകാര്‍ക്ക് രോഷം
ഇക്കഴിഞ്ഞ 13ന് റാവുത്തൻകാട്ടില്‍ ടാപ്പിങ് തൊഴിലാളിയെ ഇരയാക്കിയ കടുവ പിന്നീട് മലയോരത്ത് വട്ടം കറങ്ങുന്നതാണ് കണ്ടത്. കണ്ണത്ത് മലവാരത്തിലെ പോത്തൻകാട്ടിലും ആർത്തലയിലും കറങ്ങി പിന്നീട് മദാരി എസ്റ്റേറ്റിലും സുല്‍ത്താന എസ്റ്റേറ്റിലുമെത്തി. അവിടെനിന്ന് കുണ്ടോട എസ്റ്റേറ്റിലും അടുത്ത ദിവസം കല്‍ക്കുണ്ട് വഴി സി.ടി എസ്റ്റേറ്റിലുമെത്തി. ഇവിടെയെല്ലാം തൊഴിലാളികളുടെയോ യാത്രികരുടെയോ കണ്ണില്‍പെട്ട കടുവ പക്ഷെ വനംവകുപ്പിന്റെ കാമറയില്‍ ഒന്നോ രണ്ടോ വട്ടമേ പതിഞ്ഞുള്ളൂ.
തോക്കുമായി തെരഞ്ഞു നടക്കുന്ന അറുപതോളം വനപാലകരില്‍ ഒരാളുടെ കണ്ണില്‍ പോലും പതിഞ്ഞില്ലെന്നതും അദ്ഭുതമാണ്. മദാരി, സുല്‍ത്താന, കുണ്ടോട, സി.ടി എസ്റ്റേറ്റുകളില്‍ കടുവയെ കണ്ടു എന്നറിഞ്ഞപ്പോഴെല്ലാം ഓടിയെത്തിയ ദ്രുതകർമ സേനയുടെ തോക്കിന് മുന്നില്‍ മാത്രം കടുവയെത്തിയില്ല. റാവുത്തൻകാട്,മദാരി,കുനിയൻമാട് എന്നിവിടങ്ങളില്‍ സ്ഥാപിച്ച കൂടുകളിലും കയറിയില്ല.
ഈ രണ്ടാഴ്ചക്കിടെ ഏതെങ്കിലും ജീവിയെ വേട്ടയാടിയ ലക്ഷണങ്ങള്‍ കണ്ടിട്ടില്ല. ഇരയുടെ അവശിഷ്ടങ്ങളും എവിടെയും കണ്ടെത്താനായില്ല. പല സമയങ്ങളിലായി അടക്കാക്കുണ്ട്, കരുവാരകുണ്ട് ഭാഗങ്ങളില്‍ കാണുന്ന കടുവ ഒന്ന് തന്നെയാണോ എന്നും വ്യക്തമല്ല. അടക്കാക്കുണ്ടിലെ കാമറയില്‍ ഒരിക്കല്‍ തെളിഞ്ഞ കടുവ ആരോഗ്യവാനായിരുന്നു എന്നാണ് പറഞ്ഞിരുന്നത്. അതേസമയം കഴിഞ്ഞ ദിവസം കല്‍ക്കുണ്ടില്‍ കണ്ടത് ക്ഷീണിച്ചതും ശോഷിച്ചതുമാണ്. വയസ്സായി ഇരപിടിക്കാൻ ശേഷിയില്ലാത്തതിനാലാവും കാടിറങ്ങിയത് എന്നും പറയപ്പെടുന്നു.
ഏതായാലും, കടുവ കൂടുതല്‍ ജനവാസ കേന്ദ്രങ്ങളിലേക്കെത്തിയതോടെ ജനം കൂടുതല്‍ ഭീതിയിലും രോഷത്തിലുമാണ്. എസ്റ്റേറ്റുകള്‍ മുഴുവൻ നിലച്ച മട്ടാണ്. സ്വകാര്യതോട്ടങ്ങള്‍ പോലും രണ്ടാഴ്ചയായി കാടുകയറുകയാണ്. അതിനിടെ കർഷകരുടെ പേടിസ്വപ്നമായിരുന്ന പന്നി, കുരങ്ങ് പോലുള്ളവ ഇപ്പോള്‍ നാട്ടിൻപുറങ്ങളില്‍ അധികം കാണുന്നില്ലെന്നതും ശ്രദ്ധേയമാണ്. കടുവ തോട്ടങ്ങളിലൂടെ കറങ്ങുന്നതാവാം കാരണമെന്നാണ് കർഷകർ പറയുന്നത്.
Comments
Post a Comment