അടിയന്തരപരിഹാരം ആവശ്യപ്പെട്ട് സിപിഐ വനംമന്ത്രിക്കു നിവേദനം നല്‍കി
മണ്ണാർക്കാട് അട്ടപ്പാടിയിലെ വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിപിഐ പ്രതിനിധി സംഘം സംസ്ഥാന വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനെ കണ്ട് നിവേദനം നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പട്ടികവർഗ വിഭാഗത്തില്‍പ്പെട്ട മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു.
സ്വർണഗദ്ദയിലെ മുരുകൻ, ചീരക്കടവിലെ മല്ലൻ, ചീരക്കടവിലെ തന്നെ വെള്ളിങ്കിരി എന്നിവരാണ് കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. വന്യജീവികള്‍ വളർത്തുമൃഗങ്ങളെ കൊല്ലുന്നതും കൊണ്ടുപോകുന്നതും പതിവാണ്. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാല്‍ അട്ടപ്പാടിയില്‍ യാത്ര അസാധ്യമായി മാറിയിരിക്കുകയാണ്.
കൃഷി നശിപ്പിക്കുന്നത് നിത്യസംഭവമായി മാറിക്കഴിഞ്ഞു. തമിഴ്നാട്ടില്‍ നിന്നും തീറ്റയ്ക്കും കുടിവെള്ളത്തിനുമായി ഒട്ടേറെ ആനക്കൂട്ടങ്ങളാണ് അട്ടപ്പാടിയില്‍ എത്തുന്നത്. പൊതുജനത്തിന് ജീവിക്കാൻ കഴിയാത്ത അന്തരീക്ഷമാണ്. ഈ സാഹചര്യത്തില്‍ വനംവകുപ്പിന്‍റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കിസാൻസഭയുടെ നേതൃത്വത്തില്‍ അട്ടപ്പാടിയില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുന്നില്‍ സമരം സംഘടിപ്പിച്ചിരുന്നു. സമരത്തിന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകള്‍ക്ക് അനുസരിച്ച് പ്രതിരോധ മാർഗങ്ങള്‍ സ്വീകരിക്കുവാൻ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല.
ഇതിനെതുടർന്നാണ് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനെ കണ്ടു കാര്യങ്ങള്‍ ധരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്. വന്യമൃഗശല്യം പരിഹരിക്കുന്നതിന് അടിയന്തര പരിഹാരം ഉണ്ടാവുമെന്ന് മന്ത്രി വ്യക്തമാക്കി. അട്ടപ്പാടിക്ക് പ്രത്യേകമായി ആർആർടി ഉണ്ടാക്കണമെന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
റാപ്പിഡ് റെസ്പോണ്‍സ് ടീം ഫലപ്രദമല്ലെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചു. ഓഗസ്റ്റ് ഒന്നിന് ജനപ്രതിനിധികളുടെയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും യോഗം ചേർന്ന് വിപുലമായ കർമപദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ മന്ത്രി നിർദേശം നല്‍കി. കുടിവെള്ളത്തിനുവേണ്ടി കാടിറങ്ങുന്ന കാട്ടുമൃഗങ്ങള്‍ക്ക് കാടിനുള്ളില്‍ തന്നെ ജലലഭ്യത ഉറപ്പുവരുത്തുന്നതിന്‌വേണ്ട പ്രവർത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.
ആധുനികരീതിയിലുള്ള പ്രതിരോധമാർഗങ്ങള്‍ സ്വീകരിക്കും. അട്ടപ്പാടിയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിത സുരക്ഷ ഉറപ്പുവരുത്തും. കൃഷിനാശം സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരം ഉടനെതന്നെ വിതരണം ചെയ്യും.
കിസാൻസഭ ജില്ലാ സെക്രട്ടറി മണികണ്ഠൻ പൊറ്റശേരി, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മരുതി മുരുകൻ, സിപിഐ അട്ടപ്പാടി മണ്ഡലം സെക്രട്ടറി ഡി. രവി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സനോജ് എന്നിവർ ചർച്ചയില്‍ പങ്കെടുത്തു. റസാഖ് മൗലവി, മോഹൻ ഐസക്, സദക്കത്തുള്ള പടലത്ത് എന്നിവരും ചർച്ചയില്‍ പങ്കെടുത്തു.
Comments
Post a Comment