തിരൂര്‍, വളാഞ്ചേരി സ്റ്റാൻഡുകളില്‍നിന്നുള്ള ബസുകള്‍ വ്യാഴാഴ്ചയും പണിമുടക്കും


വളാഞ്ചേരി മലപ്പുറം): സർവീസ് നടത്തുന്ന സ്വകാര്യ ബസ് പോലീസ് പിടിച്ചെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബസ് തൊഴിലാളികള്‍ പണിമുടക്കി.

വളാഞ്ചേരി-തിരൂർ റൂട്ടിലാണ് ബുധനാഴ്ച ബസുകള്‍ ഓട്ടം നിർത്തിയത്. പിടിച്ചെടുത്ത ബസില്‍വെച്ച്‌ യാത്രക്കാരൻ ഒരു പെണ്‍കുട്ടിയെ ദേഹോപദ്രവം ചെയ്തതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി നല്‍കിയ പരാതിയെത്തുടർന്നായിരുന്നു പോലീസ് നടപടി.

വളാഞ്ചേരി-തിരൂർ റൂട്ടിലോടുന്ന 'മലാല' എന്ന ബസാണ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത്, വളാഞ്ചേരിയിലെ ഒരു കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന വിദ്യാർഥിനിയെ കഴിഞ്ഞ ദിവസം ബസില്‍വെച്ച്‌ യാത്രക്കാരൻ ദേഹോപദ്രവം നടത്തിയിരുന്നു. സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. കണ്ടക്ടറോട് പരാതി പറഞ്ഞിട്ടും അത് ചെവിക്കൊണ്ടില്ലെന്നും യാത്രക്കാരൻ കാവുംപുറത്ത് ഇറങ്ങിപ്പോകുകയും ചെയ്തു.

യാത്രക്കാരുടെ സുരക്ഷ ബസ് ജീവനക്കാരുടെ ഉത്തരവാദിത്വമാണെന്നിരിക്കെ തെറ്റ് ചെയ്തയാളെ രക്ഷപ്പെടാൻ അനുവദിക്കുകയാണ് കണ്ടക്ടർ ചെയ്തത്.

പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിക്കായുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും വളാഞ്ചേരി സ്റ്റേഷൻ ഓഫീസർ ബഷീർ സി. ചിറക്കല്‍ പറഞ്ഞു. പ്രതിയെ പിടികൂടുന്നതോടെ കണ്ടക്ടർക്കെതിരേയും കേസെടുക്കും. പിടിച്ചെടുത്ത ബസ് കോടതിയില്‍ ഹാജരാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്നും ബസുകള്‍ ഓടില്ല
വളാഞ്ചേരി: കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുകയെന്ന പോലീസിന്റെ പതിവുരീതി വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ബസ് ജീവനക്കാർക്കെതിരേ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റായ നടപടികള്‍ക്കെതിരേ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പണിമുടക്കിയ സിഐടിയു, എസ്ടിയു, ബിഎംഎസ് തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു.

പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ തിരൂർ, വളാഞ്ചരി ബസ് സ്റ്റാൻഡുകളില്‍നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന സ്വകാര്യബസുകള്‍ വ്യാഴാഴ്ചയും സർവീസ് നടത്തില്ലെന്ന് സംഘടനാ ഭാരവാഹികളായ റാഫി തിരൂർ, ജാഫർ ഉണ്യാല്‍, സച്ചിദാനന്ദൻ എന്നിവർ പറഞ്ഞു. പ്രതികാരനടപടികളില്‍നിന്ന് പോലീസ് പിന്മാറിയില്ലെങ്കില്‍ ജില്ലയിലെ മുഴുവൻ സ്വകാര്യബസുകളും ഓട്ടം നിർത്തുന്നതും ആലോചിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*