പ്രവാസി വ്യവസായിയെ വാഹനം തടഞ്ഞ് മോചിപ്പിച്ച്‌ പോലീസ്; തട്ടിക്കൊണ്ടുപോയവരില്‍ മുൻജീവനക്കാരനും

മലപ്പുറം പാണ്ടിക്കാട്(മലപ്പുറം): കഴിഞ്ഞദിവസം പാണ്ടിക്കാട്ടുനിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി വട്ടിപ്പറമ്ബത്ത് ഷമീറിനെ (38) കണ്ടെത്തി.

കേസില്‍ ആറുപേരെ അറസ്റ്റുചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലം അഞ്ചലിലാണ് ഇവരെ കണ്ടെത്തിയത്.

പൊന്നാനി ബീവിപ്പടി സ്വദേശി കിഴക്കകത്ത് അഫ്സല്‍ (30), ചാവക്കാട് സ്വദേശികളായ പണിക്കവീട്ടില്‍ ഹംഷീർ (30), വെളിയങ്കോട് മുസ്തഫ (ഫയാസ്-28), പുതുവീട്ടില്‍ ഷംസീർ (30), കൊല്ലം കൊട്ടാരക്കര സ്വദേശികളായ തലച്ചിറ മുഹമ്മദ് നായിഫ് (29), ചാരുവിള ഷഹീർ (30) എന്നിവരെയാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റുചെയ്തത്.

ചൊവ്വാഴ്ച രാത്രി എട്ടിന് പാണ്ടിക്കാട് ടൗണ്‍ ജിഎംഎല്‍പി സ്കൂളിനു സമീപത്തുനിന്നാണ് കാറിലെത്തിയ സംഘം ഷമീറിനെ തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹം ഓഗസ്റ്റ് നാലിനാണ് അവധിക്കു നാട്ടിലെത്തിയത്. യുഎഇയില്‍ അറുപതിലേറെ ഫാർമസികളുടെയും നാല് റസ്റ്ററന്റുകളുടെയും ഉടമയാണ് ഷമീർ.

പാണ്ടിക്കാട് ടൗണില്‍നിന്ന് വിന്നേഴ്സ് ഗ്രൗണ്ട് റോഡിലുള്ള വീട്ടിലേക്കു മടങ്ങുന്നതിനിടെ രണ്ടു കാറുകളിലെത്തിയ സംഘമാണ് ഷമീറിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇദ്ദേഹത്തിന്റെ യുഎഇ വാട്സാപ്പ് നമ്ബർ ഉപയോഗിച്ച്‌ സുഹൃത്തുക്കളെയും ഭാര്യയെയും വിളിച്ച്‌ ഒന്നരക്കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. അതിനിടെ, പ്രതികള്‍ വാടകയ്ക്കെടുത്ത വാഹനത്തിന്റെ ഉടമകളെ പോലീസ് ചോദ്യംചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷമീറും പ്രതികളും കൊല്ലം ജില്ലയിലുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ, ഷമീറിനെയുംകൊണ്ട് വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന പ്രതികളെ അഞ്ചല്‍ പോലീസ്സ്റ്റേഷൻ പരിധിയിലെ കുരുവിക്കോണത്ത് പോലീസ് കണ്ടെത്തി. പ്രതികളെ പാണ്ടിക്കാട് സ്റ്റേഷനില്‍ എത്തിച്ച്‌ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ. പ്രേംജിത്ത്, മങ്കട പോലീസ് ഇൻസ്പെക്ടർ അശ്വിത് എസ്. കരണ്‍മയില്‍, മേലാറ്റൂർ പോലീസ് ഇൻസ്പെക്ടർ എ.സി. മനോജ്കുമാർ, കരുവാരക്കുണ്ട് പോലീസ് ഇൻസ്പെക്ടർ വി.എം. ജയൻ എന്നിവരാണ് അന്വേഷണസംഘത്തെ നയിച്ചത്.

തട്ടിക്കൊണ്ടുപോകല്‍ ആസൂത്രിതമെന്ന് ജില്ലാ പോലീസ് മേധാവി
മലപ്പുറം: പാണ്ടിക്കാട്ടെ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം ആസൂത്രിതമെന്ന് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്. പ്രവാസിവ്യവസായിയുമായി കൊല്ലംവഴി തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ കൊല്ലം ജില്ലയിലെ അഞ്ചലില്‍നിന്നാണ് സംഘം പിടിയിലായത്. മലപ്പുറം ജില്ലാ പോലീസിന്റെയും കൊല്ലം റൂറല്‍ പോലീസിന്റെയും സംയുക്ത ഇടപെടലിലൂടെ റോഡില്‍ വാഹനം തടഞ്ഞിട്ട് പ്രതികളെ പിടികൂടുകയായിരുന്നു.

12-ന് രാത്രി എട്ടോടെയാണ് പാണ്ടിക്കാട് ടൗണ്‍ ജിഎംഎല്‍പി സ്കൂളിനു മുന്നില്‍നിന്ന് പ്രവാസി വ്യവസായി വട്ടിപ്പറമ്ബത്ത് ഷെമീറിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തൃശ്ശൂരില്‍വെച്ച്‌ വാഹനം മാറി മറ്റൊന്നില്‍ക്കയറ്റി.

പ്രത്യേക പോലീസ് സംഘത്തിന്റെ അന്വേഷണത്തില്‍ വ്യാഴാഴ്ചയാണ് പ്രതികള്‍ പിടിയിലായത്. ആദ്യഘട്ടത്തില്‍ തെളിവുകളില്ലായിരുന്നു. ഷെമീറിന്റെ ഭാര്യയുടെയും സുഹൃത്തുക്കളുടെയും ഫോണിലേക്ക് വിളിച്ച്‌ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ എറണാകുളം ജില്ലയിലുണ്ടെന്ന് കണ്ടെത്തി. വാടകയ്ക്കെടുത്ത വാഹനത്തിന്റെ ഉടമകളെ ചോദ്യംചെയ്തതിന്റെയും ഇടയ്ക്കിടെ ഓണ്‍ ആകുന്ന ഷെമീറിന്റെ ഫോണിന്റെ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ പിന്നീട് പ്രതികള്‍ കൊല്ലത്തുണ്ടെന്ന വിവരം ലഭിച്ചു.

മുൻജീവനക്കാരനും പിടിയില്‍
ഷെമീറിന്റെ സ്ഥാപനത്തിലെ മുൻജീവനക്കാരനാണ് തട്ടിക്കൊണ്ടുപോയ സംഘത്തിലുള്‍പ്പെട്ട ചാവക്കാട് സ്വദേശി പണിക്കവീട്ടില്‍ ഹംഷീർ. സ്ഥാപനത്തില്‍നിന്ന് പിരിച്ചുവിട്ടതിന്റെ വിരോധമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണ് നിഗമനം. മറ്റെന്തെങ്കിലും സാമ്ബത്തിക ഇടപാടുകളുണ്ടോയെന്ന് അന്വേഷിക്കും. ആറുപേരാണ് പിടിയിലായത്. ഷെമീറിനേയും പ്രതികളേയും വിശദമായി ചോദ്യംചെയ്യുമെന്നും പ്രതികളില്‍ രണ്ടുപേർക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.





Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*തങ്ങളോളം വലിപ്പമുള്ള കുമ്പളങ്ങ ഉച്ചഭക്ഷണത്തിന് നൽകി ഒരുവീട്ടിലെ കുരുന്നുകൾ.*