രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; നടപടിയെ‌ടുക്കാൻ എഐസിസി, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയേക്കും

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ആരോപണത്തില്‍ വിവരങ്ങള്‍ തേടി എഐസിസി. നേതൃത്വത്തിന് കിട്ടിയ പരാതികള്‍ അന്വേഷിച്ച്‌ നടപടിയെടുക്കാൻ ദീപ ദാസ്മുൻഷി കെപിസിസി നേതൃത്വത്തിന് കൈമാറി.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചനയിലാണ്. ആരോപണങ്ങള്‍ പുറത്ത് വരും മുൻപേ രാഹുലിനെതിരെ എഐസിസിക്ക് പരാതികള്‍ കിട്ടിയിരുന്നതായാണ് വിവരം. പരാതികളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള കോണ്‍ഗ്രസ് നേതൃത്വത്തിൻ്റെ നീക്കം.

അതേസമയം, യുവ നേതാവിനെതിരായ വെളിപ്പെടുത്തലില്‍ കൂടുതല്‍ പ്രതികരണവുമായി റിനി ആന്‍ ജോര്‍ജ് രംഗത്തെത്തി. ആരോപണ വിധേയനായ ആളുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച്‌ നില്‍ക്കുന്നു എന്നും റിനി ആന്‍ ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്കെതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്. സമാന അനുഭവം നേരിട്ട പലരും തന്നെ ബന്ധപ്പെട്ടു. മാധ്യമശ്രദ്ധയ്ക്ക് വേണ്ടി ആരോപണം ഉന്നയിക്കുന്നതല്ല, എത്ര ആക്രമിച്ചാലും ഈ വ്യക്തി രക്ഷപ്പെടില്ല. എതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്. ഇതൊന്നും ഒരു തിരഞ്ഞെടുപ്പ് ഗിമ്മിക്കല്ല. ആലോചിച്ച്‌ മാത്രമേ തീരുമാനമെടുക്കൂ എന്നും റിനി പ്രതികരിച്ചു.

അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നുമാണ് യുവനേതാവിനെതിരെ പുതുമുഖ നടി റിനി ആൻ ജോര്‍ജ് ഇന്നലെ വെളിപ്പെടുത്തല്‍ നടത്തിയത്. നേതാവിന്‍റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ആ വ്യക്തി ഉള്‍പ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. സോഷ്യല്‍ മീഡിയ വഴിയാണ് ഇയാളുമായി പരിചയമുള്ളത്. തുടക്കം മുതല്‍ മോശം മെസേജുകള്‍ അയച്ചു. ഇത് ശരിയല്ലെന്ന് പറഞ്ഞിട്ടും അയാള്‍ അത് തുടർന്നു. മൂന്നര വർഷം മുൻപാണ് ആദ്യമായി മെസേജ് അയച്ചത്. അതിനുശേഷമാണ് അയാള്‍ ജനപ്രതിനിധിയായത്. അയാള്‍ കാരണം മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലാത്തത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാത്തത്. പരാതിയുള്ളവർ അതുമായി മുന്നോട്ടു പോകട്ടെയെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും യുവ നടി വെളിപ്പെടുത്തി.

ഇയാളെ പറ്റി പാർട്ടിയിലെ പല നേതാക്കളോടും പറഞ്ഞിരുന്നു. നേതൃത്വത്തോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പോയി പറയുവെന്നായിരുന്നു മറുപടി. ഇത്തരത്തിലുള്ള ആളുകളെ ഇനിയും സ്ഥാനങ്ങളില്‍ എത്തിക്കരുതെന്ന് മാത്രം പറയുകയാണെന്നും റിനി ആൻ ജോര്‍ജ് ഇന്നലെ പറഞ്ഞു. നേതാവിന്‍റെ പേരോ ഏത് പ്രസ്ഥാനമാണെന്നോ വെളിപ്പെടുത്താൻ തയ്യാറല്ല. ഇയാളെപ്പറ്റി പരാതിയുള്ളവര്‍ അതുമായി മുന്നോട്ടു പോകട്ടെ. പറയേണ്ട സ്ഥലങ്ങളില്‍ എല്ലാം പരാതി അറിയിച്ചിട്ടുണ്ട്. പക്ഷേ അതിനുശേഷവും അയാള്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിച്ചു. പ്രമാദമായ പീഡനകേസുകളില്‍ ഉള്‍പ്പെട്ട നേതാക്കള്‍ക്ക് എന്തു സംഭവിച്ചുവെന്ന് ഈ നേതാവ് തന്നോട് ചോദിച്ചു. ഇയാള്‍ ഉള്‍പ്പെട്ട പ്രസ്ഥാനം ഇനിയെങ്കിലും ഉത്തരവാദിത്തം കാണിക്കണം. ഹൂ കെയേഴ്സ് എന്ന് തന്നെയാണ് അയാളുടെ ഇപ്പോഴത്തെയും നിലപാടെന്നും പേര് പറഞ്ഞാലും ഒരു നീതിയും കിട്ടില്ലെന്ന് ഉറപ്പാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. ഇയാളുടെ പ്രസ്ഥാനത്തിന് ധാർമികതയുണ്ടെങ്കില്‍ ഇനിയെങ്കിലും നിയന്ത്രിക്കണമെന്നും ഈ സംഭവത്തോടെ പല വിഗ്രഹങ്ങളും ഉടഞ്ഞുപോയെന്നും യുവ നടി പറഞ്ഞു.


Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*തങ്ങളോളം വലിപ്പമുള്ള കുമ്പളങ്ങ ഉച്ചഭക്ഷണത്തിന് നൽകി ഒരുവീട്ടിലെ കുരുന്നുകൾ.*