കൊക്ക് മുറിഞ്ഞ കാക്കയ്ക്ക് മീൻമാര്‍ക്കറ്റില്‍ 'സര്‍ജറി'; ഒടുവില്‍ ശുഭപര്യവസാനം, ഭക്ഷണം കഴിക്കുന്നു
മൂന്നുമാസംമുൻപ് മലപ്പുറം കോട്ടപ്പടി മീൻ മാർക്കറ്റിലൊരു കാക്ക വന്നു. അടിയിലെ ചുണ്ട് പകുതി മുറിഞ്ഞിട്ടുണ്ട്. കച്ചവടക്കാർ മീൻ ഇട്ടു കൊടുത്താലും കൊത്തിയെടുക്കാൻ കഴിയുന്നില്ല. ചെറിയ കഷണങ്ങളാക്കി കൊടുത്താലും തല ചെരിച്ചുപിടിച്ചുവേണം കൊത്തിത്തിന്നാൻ; അതും നന്നേ പാടുപെട്ട്. ദിവസം ചെല്ലുന്തോറും മുകളിലെ ചുണ്ട് താഴോട്ട് വളഞ്ഞുവന്നു. ഒന്നും കഴിക്കാനാകാതെ കാക്ക ക്ഷീണിച്ചു.
സ്വാതന്ത്ര്യദിനത്തിന്റെ തലേന്നാള്‍ മാർക്കറ്റിലെ മീൻ കച്ചവടക്കാർ ആ തീരുമാനമെടുത്തു; കാക്കയ്ക്ക് സ്വതന്ത്രമായി ഭക്ഷണംകഴിക്കാൻ വഴിയൊരുക്കണം.
വ്യാഴാഴ്ച രാത്രി റിയാസ് കോയിക്കോടൻ തുണിയെറിഞ്ഞ് കാക്കയെ കൈപ്പിടിയിലാക്കി. മുകളിലെ ചുണ്ടിലൊരു 'സർജറി'യും നടത്തി. പൊട്ടിയ ചുണ്ടിന് ആനുപാതികമായി മേല്‍ച്ചുണ്ട് മുറിച്ചുമാറ്റി രാകിമിനുക്കി. മാർക്കറ്റിലെ അലവി മൂഴിക്കലും പി.കെ. സിറാജും 'ഓപ്പറേഷൻ ടേബിളില്‍' സഹായികളായി.
വ്യാഴാഴ്ച രാത്രി കാക്ക ഒബ്സർവേഷനിലായിരുന്നു. വെള്ളിയാഴ്ച രാവിലെ മീനിട്ടുകൊടുത്തപ്പോള്‍ 'ഓപ്പറേഷൻ സക്സസ്' ആയതിന്റെ സന്തോഷത്തിലാണ് റിയാസ്. 24 മണിക്കൂറുകൊണ്ട് കാക്കയുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടായി. ഭക്ഷണംകഴിക്കാനും ചെറിയ തോതില്‍ പറക്കാനും തുടങ്ങി.
ഒറ്റ ദിവസംകൊണ്ട് റിയാസിന് മാർക്കറ്റില്‍ പുതിയ പേരു വീണു; കാക്ക റിയാസ്. എന്നാലും റിയാസിന് സന്തോഷമേ ഉള്ളൂ. 18 കൊല്ലമായി നടത്തുന്ന മീൻ കച്ചവടത്തിനിടെ 'കാക്ക ഡോക്ടറാ'കാനും ഭാഗ്യമുണ്ടായല്ലോ
Comments
Post a Comment